Movies
നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന മുന്ന. പ്രശസ്തി കണ്ടല്ല റാഫിയെ വിവാഹം കഴിച്ചതെന്നും കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങനെ ആയിരിക്കുമെന്ന് കരുതരുതെന്നും മഹീന പറയുന്നു.നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന മുന്ന. പ്രശസ്തി കണ്ടല്ല റാഫിയെ വിവാഹം കഴിച്ചതെന്നും കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങനെ ആയിരിക്കുമെന്ന് കരുതരുതെന്നും മഹീന പറയുന്നു.
പെൺകുട്ടികൾ തേച്ചോ ആളെ ഒഴിവാക്കിയോ എന്ന ചോദ്യങ്ങൾ കേൾക്കാം എന്നാൽ പെൺകുട്ടികൾ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതും തിരിച്ച് എന്തുകൊണ്ട് ആയിക്കൂടെ എന്നും മഹീന ചോദിക്കുന്നു.
‘‘എന്നെയും റാഫിയെയും കുറിച്ച് പലരും ഒരുപാട് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്. പലർക്കും സംശയങ്ങളും ചോദ്യങ്ങളും ഉണ്ട്. അതിനുള്ള ഉത്തരം ഞാൻ തന്നെ വന്നു പറയാം എന്ന് കരുതി. ഞങ്ങൾ തമ്മിൽ പിരിഞ്ഞോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്.
അതിനുള്ള ഉത്തരം പിരിഞ്ഞു എന്നുതന്നെയാണ്. പക്ഷേ അതിന്റെ കാരണം വ്യക്തമാക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല അത് ഞങ്ങളുടെ മാത്രം സ്വകാര്യമാണ്. ഞങ്ങളെക്കുറിച്ച് ഇനിയും പല ഊഹാപോഹങ്ങളും നടത്തുന്നതിന് മുൻപ് ഇത് ഞാൻ തന്നെ വന്നു പറയണം എന്ന് എനിക്ക് തോന്നി. ഇനി ഞങ്ങൾ പിരിഞ്ഞതിനുള്ള കാരണം ചോദിച്ച് ആരും വരരുത്, അല്ലെങ്കിൽ എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്നവരോടും പോയി ചോദിക്കരുത്.
എന്റെ ബന്ധുക്കളോടും മാതാപിതാക്കളോടും ആളുകൾ ഓരോന്ന് പോയി ചോദിക്കുന്നുണ്ട്. നിങ്ങളുടെ മോൾക്ക് എന്തുപറ്റി, അവർ വളരെ നന്നായി ജീവിച്ചിരുന്നതാണല്ലോ എന്താണ് പിരിഞ്ഞത് എന്നൊക്കെ.
കാരണം ഞങ്ങൾക്ക് മാത്രം അറിയുന്നതാണ്, അത് മാതാപിതാക്കളോട് ചോദിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോൾ ഈ വിഡിയോ ചെയ്യുന്നത്, കാരണം സത്യാവസ്ഥ എന്താണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. ഞാൻ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. അത് മറ്റുള്ളവരോട് പറഞ്ഞു ചർച്ചാ വിഷയം ആക്കാൻ എനിക്ക് താല്പര്യമില്ല.
ദുബായിലേക്ക് വന്നശേഷം അവൾ മാറി, മഹീന റാഫിയെ ഒഴിവാക്കിയത് ദുബായിൽ വന്നശേഷം’ എന്നൊക്കെ എന്നെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. സത്യാവസ്ഥ എനിക്ക് മാത്രമെ അറിയൂ.
യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ? കരിയർ ബിൽഡ് ചെയ്യണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ ജോലി ചെയ്യാൻ വന്നത്.
നിങ്ങൾ വിചാരിക്കുന്നുണ്ടോ യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരികളാണെന്ന്. അവിടെ പോയപ്പോൾ അവൾ അങ്ങനെയായി ഇങ്ങനെയായി എന്നൊക്കെ പറയുന്നതിൽ ഒരു സത്യാവസ്ഥയും ഇല്ല.
ഞാൻ എന്ന വ്യക്തി മാത്രമല്ല ഇവിടെ നൂറില് ഒരു എൺപത് ശതമാനം ആൾക്കാരും അല്ലെങ്കിൽ 95 ശതമാനം ആൾക്കാരും വരുന്നത് ജോലി ചെയ്യാൻ വേണ്ടിയിട്ടാണ്. സ്വന്തം കാലിൽ നിൽക്കണം അല്ലെങ്കിൽ സ്വന്തം ഫാമിലിക്കു വേണ്ടി എന്തെങ്കിലും ചെയ്യണം, കരിയർ ബിൽഡ് ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ടാണ് പല ആൾക്കാരും ജോലിതേടി പോകുന്നത്.
ഞാനും എനിക്ക് എന്റെ സ്വന്തം കാലിൽ നിൽക്കണം, അല്ലെങ്കിൽ എനിക്ക് എന്റെ പേരന്റ്സിനെ നോക്കണം എന്നുള്ളതുകൊണ്ടാണ് വന്നിട്ടുള്ളത്. അതൊരിക്കലും ഒരു പെണ്ണ് മോശക്കാരി ആകുന്നതുകൊണ്ടോ മോശക്കാരി ആവാൻ വേണ്ടിയോ പോകുന്നതുമല്ല.
പല ആൾക്കാരും കമന്റ് ബോക്സിൽ ദുബായിൽ വന്നപ്പോൾ ഞാൻ ഇങ്ങനെ ആയി എന്നൊക്കെ പറയുന്നുണ്ട്. എന്നെ അറിയാത്തവരാണ് ഇങ്ങനെ കമന്റ്സ് ഇടുന്നത്. എന്നെ അറിയുന്നവർ ഒരിക്കലും എന്നെക്കുറിച്ച് അങ്ങനെ പറയില്ല. എന്നെ അറിയുന്നവർക്ക് ഞാൻ ആരാണെന്നറിയാം. എന്നെ അറിയാത്തവർക്ക് ഞാൻ ഒരു അപരിചിതയാണ്.
അവർക്ക് എന്തും പറഞ്ഞുണ്ടാക്കാം. അതിൽ ഞാൻ തെറ്റ് പറയുന്നില്ല കാരണം അവർ എന്താണോ പഠിച്ചു വച്ചിരിക്കുന്നത് അവർ അതെ ചെയ്യൂ. ഞാൻ റാഫിയെ തേച്ചതാണ് എന്നൊക്കെ കമന്റ് വരാൻ ചാൻസുണ്ട്. പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്?.
സിറ്റുവേഷൻ കൊണ്ട് ബന്ധം വേണ്ടെന്നു വയ്ക്കുന്ന പെൺകുട്ടികൾ വരെയുണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. ആൺകുട്ടികൾക്കും ഇതൊക്കെ പറ്റും.
എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല. എന്റെ കാരണം ആരെയും ബോധ്യപ്പെടുത്താൻ എനിക്ക് താല്പര്യമില്ല. ചില കാര്യങ്ങൾ എനിക്ക് പറയണം എന്ന് തോന്നി. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നൂറ് ശതമാനം നല്ലവരല്ല.
രണ്ട് വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രമാണ് ആ ജീവിതം മുന്നോട്ടു പോകുന്നത്. പറ്റില്ല എന്ന് കാണുമ്പോൾ നമ്മൾ ബന്ധം ഉപേക്ഷിക്കണം. അങ്ങനെ പിരിഞ്ഞതാണ് ഞങ്ങൾ. അതിന്റെ കാരണങ്ങൾ പലതുണ്ട്.
പലരും ഇരുന്നു വെറുതെ ഓരോ കാരണങ്ങൾ പറയുന്നുണ്ട് അതുകൊണ്ട് ഞാൻ തന്നെ വന്നു പറയാം എന്ന് കരുതി. അറിയാത്ത കാര്യം പറയരുത്. ഇതൊക്കെ കാണുമ്പൊൾ എനിക്ക് വിഷമമില്ല തോന്നുന്നത്.
മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്. അതിന് വേറെയും കാരണങ്ങളുണ്ട്. ഞങ്ങൾ ഞങ്ങളുടെ സന്തോഷം മാത്രമെ നിങ്ങളെ കാണിച്ചിട്ടുള്ളു. റീൽ ലൈഫും റിയൽ ലൈഫും വ്യത്യസ്തമാണ്.
ഇന്ന് നന്നായി നടക്കുന്ന ആളുകൾ നാളെ നന്നായി നടക്കണമെന്നില്ല. ഒരു നിമിഷം കൊണ്ട് സാഹചര്യം മാറും. ഞങ്ങൾ വിഡിയോസ് ഒരുപാട് ചെയ്തിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ സന്തോഷങ്ങൾ മാത്രമേ അതിൽ കാണിച്ചിട്ടുള്ളൂ.
പല ആൾക്കാരും പല രീതിയിൽ ആണ്. ചില ആൾക്കാർ വിഷമങ്ങൾ കാണിക്കാറുണ്ട്, വഴക്ക് കാണിക്കാറുണ്ട്. എനിക്ക് അതിനോട് താല്പര്യമില്ല. എനിക്ക് ഞാൻ സന്തോഷിക്കുന്നത് നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് മാത്രമാണ് താല്പര്യം.
എന്നാൽ നിങ്ങളെ ഒന്നും കാണിക്കാതിരുന്നാൽ പോരെ എന്ന് ചിലപ്പോൾ കമന്റ് വരും. അത് ഞങ്ങളുടെ ഇഷ്ടമാണ്, എന്താണ് കാണിക്കേണ്ടത് എന്നുള്ളത്. എനിക്കിഷ്ടമുള്ള കാര്യം മാത്രമേ ഞാൻ കാണിക്കുകയുള്ളൂ അല്ലാത്തത് ഒന്നും ഞാൻ കാണിക്കില്ല.
എന്റെ സന്തോഷങ്ങൾ എന്താണോ അത് ഞാൻ കാണിച്ചു. അത് കാണിക്കുന്നതിലൂടെ എന്നെ ഫോളോ ചെയ്യുന്നവർക്ക് അത് ഇഷ്ടമുള്ളതുകൊണ്ടാണ് അവർ എന്നെ ഫോളോ ചെയ്യുന്നത്, അപ്പോൾ അവരിലേക്കാണ് ഞാൻ എത്തിക്കുന്നത്. എനിക്ക് ഈ ഒരു വീഡിയോ നിങ്ങളിലേക്ക് എത്തിക്കണം എന്ന് തോന്നി.
ഞാൻ ഒരാളുടെയും പേഴ്സനൽ ലൈഫിലേക്ക് കയറാറില്ല. ഇന്ന് നിങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ടു സംസാരിച്ചാൽ നാളെ നിങ്ങളുടെ ജീവിതത്തിലും ആരെങ്കിലുമൊക്കെ ഇടപെടും, അപ്പോഴേ നിങ്ങൾക്ക് ആ ബുദ്ധിമുട്ടു മനസ്സിലാകൂ.
ഞാൻ പുള്ളിയുടെ പ്രശസ്തി കണ്ടിട്ട് വന്നതാണെന്നൊക്കെ ആൾക്കാർ പറയുന്നുണ്ട്. എന്താണ് പ്രശസ്തി, അതിനു പുറകിൽ ഒരു ജീവിതമുണ്ട്. പ്രശസ്തി എന്നും ഒരുപോലെ നിൽക്കില്ല. ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ഞാൻ ഫെയിം കണ്ടിട്ടല്ല കെട്ടിയത്. ഫെയിം കണ്ട് കെട്ടിയിട്ട് അതു കഴിഞ്ഞപ്പോൾ ഞാൻ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവർ വരെയുണ്ട്.
അതിനോട് യോജിക്കാൻ പറ്റില്ല. ഇഷ്ടപ്പെട്ടിട്ട് കെട്ടിയതാണ്. വേർപിരിയുന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത ഒരു കാര്യം ചെയ്താൽ അത് നമ്മളെ കൂടുതൽ വിഷമിപ്പിക്കും. അല്ലാതെ രണ്ടുപേരുടെയും കരിയർ നശിപ്പിക്കാൻ എനിക്ക് താല്പര്യമില്ല.
പിരിയുന്നതാണ് രണ്ടുപേർക്കും നല്ലതെങ്കിൽ പിരിയുക അല്ലാതെ കഷ്ടപ്പെട്ട് മുന്നോട്ട് പോയിട്ട് കാര്യമില്ല അതുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല. ഞാൻ കഷ്ടപ്പെട്ടാലെ എനിക്ക് ജീവിക്കാൻ പറ്റു. എനിക്ക് എന്റെ സന്തോഷം കണ്ടെത്തി ജീവിക്കുന്നതാണ് ഇഷ്ടം. എനിക്ക് ജീവിക്കണമെങ്കിൽ ഞാൻ തന്നെ കഷ്ടപ്പെടണം. എനിക്ക് എന്റെ ജീവിതം നോക്കിയേ പറ്റൂ.
കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അവർക്ക് വേറൊരു മുഖമുണ്ട്. അവർക്ക് വേറൊരു ജീവിതമുണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉണ്ടെന്നു പറയുന്നതുപോലെ ഒരു വ്യക്തിക്കും രണ്ടു മുഖമുണ്ട്. ഇത് എനിക്ക് പറയണം എന്ന് തോന്നി.
ഈ കാര്യം ഞാൻ പറഞ്ഞില്ല എന്നുണ്ടെങ്കിൽ ഇനിയും ഒരുപാട് ചോദ്യങ്ങളും ഒരുപാട് കാര്യങ്ങളും വരും എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ ഈ ഒരു കാര്യം ഇപ്പോൾ ഇവിടെ വച്ച് പറയുന്നത്. കുറച്ചു ചോദ്യങ്ങൾ ഉണ്ടായിരുന്നു ആ ചോദ്യങ്ങൾ ഞാൻ ക്ലിയർ ചെയ്തു ചിലവരുടെ തെറ്റിദ്ധാരണകൾ ഉണ്ട്. അതും ഞാൻ ക്ലിയർ ചെയ്തു. ഇനി ഇവിടെയും പോസിറ്റീവും നെഗറ്റീവും പറയുന്നവർ ഉണ്ടാകും.
പക്ഷേ ഒരാളുടെ ജീവിതം അവർക്ക് മാത്രമേ അറിയൂ. ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയു. എന്റെ മാനസികാവസ്ഥ എനിക്ക് നോക്കണം , എന്റെ ആരോഗ്യം നോക്കണം, എന്റെ മാതാപിതാക്കളെ നോക്കണം, കരിയർ നോക്കണം.
അതൊക്കെകൊണ്ട് നല്ല തീരുമാനം എടുക്കുക എന്നുള്ളതാണ്. പിരിയുന്നതാണ് രണ്ടുപേർക്കും നല്ലതെന്നു ഞങ്ങൾക്ക് തോന്നി, അതുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. അതിന് ഒരുപാടു കാരണങ്ങൾ ഉണ്ടാകും അത് ഞങ്ങൾക്ക് പറയാൻ താല്പര്യമില്ല. പിരിഞ്ഞോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് പറഞ്ഞത്, അത് ഞാൻ തന്നെ പറയണം എന്ന് എനിക്ക് തോന്നി.
ഞാൻ വിശ്വസിക്കുന്നത് എന്റെ കഷ്ടപ്പാടുകൊണ്ടു ഉയർന്നുവന്ന വ്യക്തിയാണ് ഞാൻ എന്നാണ്. ഞാൻ പറഞ്ഞത് നിങ്ങൾക്കൊക്കെ മനസിലായിട്ടുണ്ട് എന്ന് വിചാരിക്കുകയാണ്. എന്നെ സപ്പോർട്ട് ചെയ്യുന്നവർക്കും എന്നെ വെറുക്കുന്നവർക്കും എന്നെ ഇഷ്ടപ്പെടുന്നവർക്കും ഒക്കെ നന്ദി.’’മഹീനയുടെ വാക്കുകൾ.
വെബ്സീരിസുകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് റാഫി. റാഫിയുടെ ടെലിവിഷൻ പരമ്പരകൾ കണ്ട് ആരാധികയായി മാറിയ മഹീന പിന്നീട് റാഫിയുടെ ജീവിത പങ്കാളിയുമായി. 2022ലായിരുന്നു ഇവരുടെ വിവാഹം. ‘തീപ്പൊരി ബെന്നി’, ‘ആനന്ദ് ശ്രീബാല’ എന്നീ സിനിമകളിലും റാഫി അഭിനയിച്ചിട്ടുണ്ട്.
ഈ വർഷം മഹീന ദുബായിലേക്കു താമസം മാറ്റിയിരുന്നു. ദുബായിൽ ജോലി തിരക്കുകളിൽ ആണ് മഹീന. അടുത്തിടെ മഹീന റാഫി എന്ന പേരു മാറ്റി മഹീന മുന്ന എന്നാക്കിയത് വാർത്ത ആയിരുന്നു. അന്നുമുതൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.
Movies
ജോജു ജോർജിന്റെ സംവിധാനത്തിൽ തിയറ്ററിലെത്തി പ്രേക്ഷകപ്രശംസ നേടിയ ചിത്രം ‘പണി’ ജർമനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25-ന് സിനിമ പ്രദർശിപ്പിക്കും.
50 ദിവസം തിയേറ്ററുകളിലില് നിറഞ്ഞോടിയ ചിത്രം ഒടിടിയില് നാലുഭാഷകളില് ടോപ് ട്രെന്ഡിംഗായും ഗൂഗിളില് അഖിലേന്ത്യ എന്റര്ടെയിന്മെന്റ് ട്രെന്ഡിംഗില് രണ്ടാമതായും വിജയ യാത്ര തുടർന്നു.
ചിത്രത്തില് ജോജുവിന്റെ നായികയായി എത്തിയ അഭിനയ യഥാര്ഥ ജീവിതത്തില് സംസാരശേഷിയും കേള്വി ശക്തിയും ഇല്ലാത്ത പെണ്കുട്ടിയാണ്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. സാഗര്, ജുനൈസ്, ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര് തുടങ്ങി വന് താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില് അഭിനയിച്ചിരുന്നു.
ഇന്ത്യന് സിനിമയിലെ തന്നെ മുന്നിര ടെക്നീഷ്യന്മാരാണ് ചിത്രത്തിന്റെ അണിയറയില് പ്രവര്ത്തിച്ചത്. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവരാണ് സംഗീതം. ക്യാമറ: വേണു ഐ.എസ്.സി, ജിന്റോ ജോര്ജ്, എഡിറ്റര്: മനു ആന്റണി, പ്രൊഡക്ഷന് ഡിസൈന്: സന്തോഷ് രാമന്, സ്റ്റണ്ട്: ദിനേശ് സുബ്ബരായന്, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷന് എന്.ജി, പ്രൊഡക്ഷന് കണ്ട്രോളര്: ദീപക് പരമേശ്വരന്.
Movies
അമ്മ ജനറല് ബോഡി യോഗം ഞായറാഴ്ച കൊച്ചിയില് താര സംഘടനയായ അമ്മയുടെ ജനറല് ബോഡി യോഗം നാളെ കൊച്ചിയില് നടക്കും. സംഘടനയുടെ നേതൃത്വം സംബന്ധിച്ച് നാളെ നിര്ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് മോഹന്ലാല് വീണ്ടും തിരിച്ചെത്തുമോ എന്നതു സംബന്ധിച്ചും നാളെ തീരുമാനമുണ്ടാകും. ജനറല് സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്പ്പെടെ നേതൃപദവിയിലുള്ള ചിലര്ക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയര്ന്നതിനെ തുടര്ന്ന് കഴിഞ്ഞ ഓഗസ്റ്റില് ചില ഭാരവാഹികള് സ്ഥാനം രാജിവയ്ക്കുകയുണ്ടായി.
ഭരണസമിതി പിരിച്ചുവിട്ടതോടെ കഴിഞ്ഞ ഒരു വര്ഷമായി അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിര്വഹിക്കുന്നത്. പ്രസിഡന്റ് പദവിയില് അല്ലെങ്കിലും മോഹന്ലാല് കമ്മിറ്റി അംഗമായി തുടര്ന്നിരുന്നു. മറ്റൊരു തെരഞ്ഞെടുപ്പില് മത്സരിക്കാന് തനിക്ക് താത്പര്യമില്ലെന്നാണ് മോഹന്ലാലിന്റെ നിലപാടെന്നാണ് അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവര് പറയുന്നത്.
പൊതുയോഗത്തില് വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയര്ന്നാല് മോഹന്ലാല് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ജനറല് സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവര് രാജിവച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നാളെ നടക്കുന്ന പൊതുയോഗം കണ്ടെത്തും.
സെറ്റുകളിലെ ലഹരി തടയുന്നതിലും തീരുമാനം
സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിര്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊണ്ടുവന്ന പുതിയ നിര്ദേശവും അമ്മയുടെ യോഗത്തില് ചര്ച്ച ചെയ്യും.
സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില് നിരോധിത ലഹരിവസ്തുക്കള് ഉപയോഗിക്കില്ലെന്ന് സിനിമാ പ്രവര്ത്തകര് സത്യവാങ്മൂലം നല്കണമെന്നാണ് നിര്മാതാക്കളുടെ സംഘടന മുന്നോട്ടുവയ്ക്കുന്ന നിര്ദേശം.
സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാര്ക്കും ഈ മാസം 26 മുതല് ഈ നിബന്ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഈ സാഹചര്യത്തില് ഇക്കാര്യത്തില് ജൂണ് 24നകം മറുപടി അറിയിക്കണമെന്ന് നിര്മാതാക്കള് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അതിനാല് തന്നെ ഇക്കാര്യത്തിലും ജനറല് ബോഡിയോഗത്തില് തീരുമാനമുണ്ടാകും.
Movies
ചെറുപ്പക്കാർക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ദി റിയൽ കേരളാ സ്റ്റോറി. മൊണാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ. നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി.
പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ജൂൺ 27ന് തിയറ്റർ റിലീസായി എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
ലഹരിയോട് നോ പറയാം എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ഈ കുടുംബചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
Movies
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം ഇന്ന് തിയറ്ററിലെത്തും.
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, ഡോക്ടർ റോണി. മനോജ് കെ.യു., സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം, പ്രേമം ഫെയിം) സംഗീതം പകരുന്നു.
എഡിറ്റർ- അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, കല- സുനിൽ കുമരൻ, മേക്കപ്പ്-ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, പരസ്യകല- ഓൾഡ്മങ്ക്സ്.
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ഉടൻ പ്രദർശനത്തിനെത്തും. പിആർഒ എ.എസ്. ദിനേശ്.
Movies
സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തിയ സ്താനാര്ത്തി ശ്രീക്കുട്ടന് എന്ന സിനിമയുടെ റിലീസിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ വിനേഷ് വിശ്വനാഥ്. പോസിറ്റീവ് റിവ്യൂ ഉണ്ടായിരുന്നിട്ടും തന്റെ ചിത്രം കാണാനെത്തിയവരെ പറഞ്ഞുവിട്ട് പല തിയറ്ററും ഷോ കാന്സല് ചെയ്തുവെന്ന് വിനേഷ് ആരോപിക്കുന്നു.
തിയറ്ററുകളിൽ സാമ്പത്തികമായ പരാജയമായ സിനിമ ഈ വെള്ളിയാഴ്ച മുതൽ സൈന പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസിനെത്തും.
വിനേഷിന്റെ കുറിപ്പിന്റെ പൂർണരൂപം
തിയറ്റർ റിലീസിന് ശേഷം സ്താനാർത്തി ശ്രീക്കുട്ടന് സംഭവിച്ച ചില കാര്യങ്ങൾ പറയാം. ഈ സിനിമ അങ്ങനെ വിട്ടുകളയാൻ പറ്റില്ല. എന്റെ 5 വർഷത്തെ ഇൻവെസ്റ്റ്മെന്റ് ആണ്.
ആദ്യ ദിവസം ക്രൂ ഷോ, അതിൽ പോസിറ്റിവ് അഭിപ്രായങ്ങൾ തന്നെയേ വരുള്ളൂ അത് കേട്ട് ഒരു ജഡ്ജമെന്റിൽ എത്തണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ ഞെട്ടിച്ചത് സംവിധായകൻ കൃഷാന്ദ് സിനിമയെപ്പറ്റി തന്ന റെസ്പോൻസിൽ ആണ്. അവിടെ ഒരു പ്രതീക്ഷ തോന്നി.
നേരെ പദ്മ തിയറ്ററിൽ ചെന്നപ്പോ ആള് കുറവാണ്. കണ്മുന്നിൽ വെച്ച് നമ്മുടെ വൈകിട്ടത്തെ ഷോ പോസ്റ്റർ മാറ്റി മറ്റൊരു പടം കയറുന്നു. കൂടെ നിന്ന ആനന്ദ് മന്മഥന് വലിയ വിഷമമായി. എനിക്കൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ.
സോഷ്യൽ മീഡിയയിൽ നല്ല റിവ്യൂസ് വരാൻ തുടങ്ങി. അപ്പോഴും എനിക്ക് നിർവികാരത തന്നെയാണ്. ഭരദ്വാജ് രംഗന് പടം കാണണമെങ്കിൽ റിലീസ് ഇല്ലാത്തതിനാൽ വിമിയോ ലിങ്ക് കൊടുക്കാതെ വഴിയില്ല.
നമ്മുടെ ആദ്യത്തെ നെഗറ്റീവ് റിവ്യൂ വരാൻ പോകുന്നു എന്ന് ഉറപ്പിച്ചിരുന്നപ്പോൾ പുള്ളിയുടെ ബ്ലോഗിൽ റിവ്യൂ വന്നു. പോസിറ്റിവ് ആണ്. അപ്പൊ ഇറങ്ങി കുറച്ച് ദിവസം കഴിഞ്ഞിരുന്നു.
അദ്ദേഹം ആദ്യമായി ബ്ലോഗിലൂടെ മാത്രം വിടുന്ന റിവ്യൂയായി ഇത് മാറി. പുള്ളി വീഡിയോ ആയി ചെയ്യാൻ തയാറായില്ല. കാരണമറിയില്ല. ചെയ്തിരുന്നെങ്കിൽ ഒരുപാട് വലിയ സഹായം ആയേനെ. വേറെയും കുറെ റിവ്യൂസ് വന്നു. പൊസിറ്റിവ് ആണ്.
എന്നും എല്ലാ ഷോയും കഴിയുന്ന ടൈമിൽ തിരുവനന്തപുരം കൈരളി തിയറ്ററിന്റെ മുന്നിൽ നിൽപ്പാണ്. പ്രൊജക്ഷനിസ്റ്റ് അനീഷണ്ണൻ എന്നും എത്രപേരുണ്ട് കാണാൻ എന്ന് പറയും. നല്ല റിവ്യൂസ് അപ്പോഴും വരുന്നുണ്ട്. ഹിറ്റടിക്കും, അടുത്ത പടം നീ ഉടനെ സൈൻ ചെയ്യും എന്നൊക്കെ വിളിക്കുന്നവർ പറയുന്നുണ്ട്.
ഒരു പടം ഇറങ്ങിയാൽ ഇൻഡസ്ട്രിയിൽ നിന്ന് കോളുകൾ വരും എന്ന് കേട്ടിട്ടുണ്ട്. അങ്ങനത്തെ കോളുകൾക്ക് ഞാനും നോക്കി. ഇൻഡസ്ട്രിയിൽ നിന്ന് എന്നെ മുൻപരിചയമില്ലാത്ത ഒരേയൊരു വിളി വന്നത് മാലാ പാർവതി ചേച്ചിയിൽ നിന്നാണ്. അല്ലാതെ നമ്പർ തപ്പി പിടിച്ചും മറ്റും പല വിളികൾ വന്നു. ഒക്കെയും സ്നേഹം നിറച്ചത്.
ഒരുപാട് പേർക്ക് ഷോ ഇടാത്തതിനാൽ പടം കാണാൻ പറ്റിയില്ല എന്ന് വിളികൾ വരാൻ തുടങ്ങി. ആറ്റിങ്ങലിൽ ഒരു തിയറ്ററിൽ ഒരു റ്റ്യൂഷൻ സെന്ററിലെ അൻപതിലധികം കുട്ടികൾ പോയിട്ടും, അല്ലാതെ പടം കാണാൻ 10 പേരുണ്ടായിട്ടും അവർ ഷോ ഇട്ടില്ല എന്ന് വൈകി അറിഞ്ഞു, നാട്ടിലെ ചില കൂട്ടുകാർ അതെ തിയറ്ററിൽ ആളെ കൂട്ടി ഷോ ഇടീച്ചു. പലയിടത്തും ഷോ വരുന്നവരെ പറഞ്ഞുവിട്ട കാൻസൽ ചെയ്യുന്നു എന്നറിഞ്ഞു.
പുഷ്പ 2 കൂടി വന്നതോടെ പൂർണം. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി മാറി രണ്ടാം ആഴ്ചയിൽ. അപ്പോഴും നമുക്ക് പോസിറ്റിവ് റിവ്യൂസ് മാത്രമാണ് വരുന്നത്. ഒന്നിനുപോലും പൈസ കൊടുത്തിട്ടില്ല. ആ കാശുണ്ടായിരുന്നെങ്കിൽ കുറേകൂടി പോസ്റ്റർ ഒട്ടിച്ചേനെ. വനിതാ തിയറ്ററിന്റെയും തിരുവനന്തപുരം കൈരളിയുടെയും മാനേജ്മെന്റിന് നന്ദി.
തിയറ്റർ വിട്ടു. ഒടിടിക്കുള്ള കാത്തിരിപ്പായി. ആദ്യ സിനിമ എന്റെ ഒരു അഡ്രസ് ആകുമെന്ന് കരുതി. ആയില്ല. മുറിക്കുള്ളിൽ ഇരിപ്പായിട്ട് ആറു മാസമാകുന്നു. എല്ലാവർക്കും അറിയുന്ന ഒരു പൊട്ടിയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിന് തിരിച്ചറിയാതെപോയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിനേക്കാൾ വിലയുണ്ട് എന്ന് മനസിലായി.
ഇടയ്ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സിൽ മികച്ച കുട്ടികളുടെ ചിത്രമായി. സൈജു ചേട്ടന് നമ്മുടെ പടത്തിനും ചേർത്ത് മികച്ച സഹനടനുള്ള അവാർഡ് കിട്ടി. അപ്പോഴും വരുന്ന ഒടിടി അന്വേഷണങ്ങൾക്ക് ഉത്തരം അറിയാതെ വീർപ്പുമുട്ടി.
ഒരു കാര്യം തുടങ്ങിവച്ചാൽ ഒരു ക്ളോഷർ കിട്ടണം. അത് കിട്ടാതെ നീണ്ടുപോവുക എന്നത് വലിയ വേദനിപ്പിക്കുന്ന കാര്യമാണ്. നാളെ സൈന പ്ലേയിൽ പടം വരും. കണ്ടിട്ട് നിങ്ങൾക്ക് തോന്നിയത് പറയൂ. കൊള്ളില്ലെങ്കിൽ അങ്ങനെ തന്നെ.
അവിടെ കൂടുതൽ പേരിലേക്ക് ഞങ്ങളുടെ പടം എത്തി എന്ന കാര്യം അറിഞ്ഞാൽ അതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസം. നേരത്തെ പറഞ്ഞ ക്ളോഷർ. കാണണം.അടുത്ത പടം സൈൻ ചെയ്തിട്ടില്ല. ശ്രീക്കുട്ടൻ ഹിറ്റും ആയില്ല. പക്ഷേ വിട്ടിട്ടില്ല. ചിലപ്പോൾ ഒരു തോൽവി ആയിട്ടാണെങ്കിലും ഞാൻ ഇവിടെത്തന്നെ തുടരും.